ജലാശയങ്ങൾ എന്നും നമ്മെ അതിശയിപ്പിക്കുന്നവയാണ്. എന്നാൽ കെറിക് ക്രേറ്റർ തടാകം പോലെയൊരു അതിശയം വേറെയുണ്ടാകില്ല. അഗ്നിപർവത സ്ഫോടനത്തിന് ശേഷമുണ്ടായ ഗർത്തത്തിൽ രൂപപ്പെട്ട തടാകം ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
ചുവന്ന മണ്ണും പച്ചപ്പും നിറഞ്ഞ ഭൂമിക്ക് നടുവിൽ നീല കുമിളപോലെ ജലം. എത്ര കണ്ടാലും കൊതി തീരാതെ താടകം കാഴ്ചക്കാരെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയുടെ കണ്ണ് എന്ന് വിശേഷിപ്പിക്കുന്ന പ്രദേശം തെക്കൻ ഐസ്‌ലാൻഡിലാണ് സ്ഥിതി ചെയ്യുന്നത്. ഗോൾഡൻ സർക്കിൾ എന്ന് വിളിക്കപ്പെടുന്ന പ്രദേശം അവിസ്മരണീയമായ കാഴ്ചാനുഭവമാണ് നൽകുന്നത്.

വിസ്ഫോടനത്തിൽ രൂപപ്പെട്ടതല്ല ഇതിന്റെ കാൽഡെറ മറിച്ച്, മാഗ്മ സ്വയം ക്ഷയിക്കുകയും ശൂന്യമായ പ്രദേശം ഉണ്ടാവുകയുമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. തടാകം രൂപപ്പെട്ടതിന് പിന്നിലെ ഭൂമിശാസ്ത്രപരമായ കാരണങ്ങൾക്ക് അപ്പുറം നിറങ്ങളുടെ വൈവിധ്യമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തിളങ്ങുന്ന, നീല നിറമുള്ള വെള്ളത്തിന് ചുറ്റും, കുത്തനെയുള്ള ചരിവുകളെല്ലാം ചുവന്ന അഗ്നിപർവ്വത പാറകളാൽ മൂടിയിരിക്കുകയാണ്. ഇവയ്‌ക്ക് മേൽ പച്ച പായൽ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ശൈത്യകാലത്ത് പൂർണമായും ആളൊഴിയുന്ന ഇവിടം കാണാൻ അത്ര മനോഹരമല്ല. തടാകം തന്നെ തണുത്തുറയുകയും ഇവിടം ഒരു ഭീമാകാരമായ ഐസ് കട്ടയായി മാറുകയും ചെയ്യും. എന്നാൽ ഐസ് സ്കേറ്റിംഗിനെത്തുന്ന സാഹസിക വിനോദ സഞ്ചാരികൾക്ക് താത്പര്യമുണർത്തുന്ന കേന്ദ്രമായി മാറും.

ഗോൾഡൻ സർക്കിളിലേക്കുള്ള ടൂർ സംഘത്തോടൊപ്പം തടാകം സന്ദർശിക്കാനാകും. സർക്കിളിന്റെ തെക്ക് ഭാഗത്ത് സെൽഫോസിന് 15 കിലോമീറ്റർ വടക്കായാണ് ഗർത്തം സ്ഥിതി ചെയ്യുന്നത്. 450 ക്രോണറുകൾക്ക് ഗർത്തത്തെ പറ്റിയുള്ള ബ്രോഷർ ലഭിക്കും.















