തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന് മുമ്പിലായിരുന്നു അപകടം. അറഫാൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എതിർ ഭാഗത്ത് നിന്നും വന്ന ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം രാവിലെ മരിച്ചിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറഫാൻ മരിച്ചത്.
സംഭവ സമയത്ത് ഉണ്ണിക്കുട്ടന്റെ സുഹൃത്തായ പ്രിൻസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉണ്ണിക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം കിൻഫ്ര പാർക്കിലെ സ്വകാര്യ ഐസ്ക്രീം കമ്പനിയിലെ സീനിയർ അക്കൗണ്ടന്റ് ആണ് ഉണ്ണിക്കുട്ടൻ.