കാഴ്ച പരിമിതിയുള്ള വിഷ്ണുവിനെ ചേർത്തുപിടിച്ച് മോഹൻലാൽ. നേര് സിനിമയുടെ വിജയഘോഷത്തിലാണ് വിഷ്ണുവിന്റെ ആഗ്രഹം സഫലമായത്. മോഹൻലാലിന്റെ സിനിമകൾ മാത്രം തീയേറ്ററിൽ പോയി കാണാറുള്ളൂവെന്നും ഒടിയൻ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയറ്ററിൽ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിനെ നേരിട്ട് കാണണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. തുടർന്ന് നേരിന്റെ സക്സസ് സെലിബ്രേഷനിലേക്ക് വിഷ്ണുവിന് ക്ഷണം ലഭിച്ചു. കൊല്ലം സ്വദേശിയായ വിഷ്ണു കടുത്ത മോഹൻലാൽ ആരാധകനാണ്.
വിഷ്ണുവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കാഴ്ച പരിമിതിയുള്ള വിഷ്ണുവിന്റെ വലിയ ആഗ്രഹമായിരുന്നു മലയാളത്തിന്റെ പ്രിയ നടനെ കാണുക എന്നത്. ഇത് സഫലമാക്കിയിരിക്കുകയാണ് മോഹൻലാൽ. നേരിലെ മോഹൻലാലിന്റെ അഭിനയം മികച്ചതാണെന്നും ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്ത്യയിലുണ്ടോ എന്നത് സംശയമാണെന്നും വിഷ്ണു പറഞ്ഞു. മോഹൻലാലും അണിയറ പ്രവർത്തകരും വിഷ്ണുവിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് സെൽഫിയെടുത്തു. വിഷ്ണു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദ്യശ്യങ്ങളും വിജയാഘോഷത്തിൽ പ്രദർശിപ്പിച്ചിരുന്നു.
സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിഷ്ണു സന്തോഷം പങ്കുവച്ചു. ‘കിടു മാസ്’ അഭിനയമാണ് സിദ്ദിഖിന്റേത് എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകൾ. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, അനശ്വര രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.