ഹനോയ്: വിയറ്റ്നാമിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ഗൗതം അദാനി. ഏകദേശം 10 ബില്യൺ ഡോളറിന്റെ നിക്ഷേപം വിയറ്റ്നാമിൽ നടത്താനാണ് ഇന്ത്യയിലെ പ്രധാന ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിനുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി.
അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം എന്നീ തന്ത്രപ്രധാനമായ മേഖലകളിൽ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള വലിയ ഇന്ത്യൻ ഗ്രൂപ്പുകളെ വിയറ്റ്നാം എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി ഫാം മിൻ ചിൻ പറഞ്ഞു.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജ്ജം എന്നിവയിൽ അടുത്ത 10 വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളറിന്റെ മൊത്തം നിക്ഷേപം നടത്തുമെന്ന് വിയറ്റ്നാമിനെ പ്രശംസിച്ചുകൊണ്ട് അദാനിയും വ്യക്തമാക്കി. മധ്യ തീരദേശ നഗരമായ ഡാ നാങ്ങിലെ ലിയാൻ ചിയു തുറമുഖ പദ്ധതിക്കാണ് പ്രധാനമായും മുൻഗണന നൽകുക.