ഉറക്കത്തിൽ കൂർക്കം വലിക്കുക എന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. കൂർക്കം വലിക്കുന്നവർ ഇത് അറിയുന്നില്ലെങ്കിൽ കൂടി ഒപ്പം കിടക്കുന്നവരുടെ ഉറക്കം കെടുത്തിയേക്കാം. എന്നാൽ പല കാരണങ്ങൾ മൂലമാണ് ഇത്തരത്തിൽ കൂർക്കം വലി ഉണ്ടാകുന്നത്. അമിത വണ്ണമുള്ളവരിൽ കൂടുതലും കൂർക്കം വലി വലിയ ശബ്ദത്തിലാണ്. ഇത്തരത്തിൽ പ്രയാസം നേരിടുന്നവർക്ക് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അമിതവണ്ണം നിയന്ത്രിക്കാം. ക്രമീകരണം ഫലപ്രാപ്തിയിൽ എത്തുന്നതോടെ കൂർക്കം വലിയുടെ തോതും ക്രമേണ കുറയും.
എന്നാൽ മറ്റ് പല കാരണങ്ങൾ കൊണ്ടും കൂർക്കം വലി ഉണ്ടാകാനിടയുണ്ട്. എന്താണ് കാരണമെന്ന് കണ്ടെത്തി ചികിത്സ നടത്തുന്നതാണ് ഉത്തമം. മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ നിൽക്കുന്ന സാഹചര്യത്തിലും കൂർക്കം വലി ഉണ്ടാകാം. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസോച്ഛാസത്തിന് തടസം നേരിടുന്നതിന് കാരണമായേക്കാം. ഇതിനാൽ തന്നെ കൃത്യമായ ചികിത്സ തേടുന്നതാണ് നല്ലത്. എന്നിരുന്നാലും കൂർക്കം വലി തടയുന്നതിനുള്ള ചില നുറുക്കുവിദ്യകൾ എന്തെല്ലാമെന്ന് നോക്കാം…
- കിടന്നുറങ്ങുന്ന രീതികൾ പ്രധാനമാണ്. മലർന്ന് കിടക്കുന്നതിലും നല്ലത് ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുകയാണെങ്കിൽ ഇത് കൂർക്കം വലി കുറയ്‌ക്കാൻ സഹായിക്കും.
- ഉറങ്ങുന്നതിന് മുമ്പുള്ള അമിത മദ്യപാനം ഒഴിവാക്കുക. ഇത് കൂർക്കം വലി വർദ്ധിക്കാൻ കാരണമാകും.
- രാത്രി കിടന്ന് ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂർക്കം വലി കുറയ്‌ക്കാൻ സഹായകമാണ്.
- പുകവലി അമിതമായാൽ കൂർക്കം വലി കൂടുന്നതിനുള്ള സാധ്യതയേറെയാണ്.
- ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. നിറഞ്ഞ വയറോടെ ഉറങ്ങിയാൽ അത് കൂർക്കം വലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണവും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.
- വായ തുറന്ന് ഉറങ്ങുന്നവർ നിരവധിയാണ്. ഇത് കൂർക്കം വലി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ്. പരമാവധി വായ അടച്ച് വച്ച് ഉറങ്ങാൻ ശ്രമിക്കുക.
- ഒന്നിൽ കൂടുതൽ തലയിണകൾ ഉപയോഗിച്ച് തല പൊക്കി വച്ച് കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിന് കാരണമാകും. ഇത് കൂർക്കം വലി കുറയ്‌ക്കുന്നതിനുള്ള പോംവഴിയാണ്.
- കൃത്യമായ വ്യായാമം കൂർക്കം വലിക്ക് പരിഹാരമാണ്. കൂടാതെ വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടുന്നതിന് സഹായകമാണ്.















