പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം പേരുടെ വർദ്ധനവാണുണ്ടായത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
31,43,767 ഭക്തർ ഇത്തവണ ദർശനം നടത്തി. 20,43,076,704 രൂപയാണ് 39 ദിവസത്തെ നടവരവ് വരുമാനം. കഴിഞ്ഞ വർഷം ഇത് 20,29,870,250 രൂപയായിരുന്നെന്നും അദ്ദേഹം കണക്കുകൾ വ്യക്തമാക്കി.
ഹൈക്കോടതിയുടെ തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നു. നിലക്കൽ നിറയുമ്പോഴാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ വാഹനങ്ങൾ വഴിയിൽ തടയുന്ന പ്രശ്നം പരിഹരിക്കാനാകും. പോലീസ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പമ്പയിൽ പാർക്കിംഗ് അനുവദിക്കുന്നതിൽ കോടതി തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.