പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും. തുടർന്ന് ഡിസംബർ 30 -ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അതി വിപുലമായ ഒരുക്കങ്ങളാണ് സന്നിധാനത്ത് നടത്തുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന പ്രസാദ ശുദ്ധിക്രിയകൾ ജനുവരി 13-ന് വൈകിട്ട് നടക്കും. തുടർന്ന് അടുത്ത ദിവസം ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.46-ന് മകരസംക്രമ പൂജകൾ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവയും അയ്യന്റെ സന്നിധിയിൽ നടക്കും.
41 ദിവസത്തെ കഠിന വ്രതകാലത്തിന് അവസാനം കുറിച്ച് തങ്ക അങ്കി രഥ ഘോഷയാത്ര ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തി. തങ്ക അങ്കി ചാർത്തിയ അയ്യനെ ഒരു നോക്ക് കാണുന്നതിനായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.