തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവൻ വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുന്നത്.
രണ്ടര വർഷത്തെ ഭരണത്തിന് ശേഷമാണ് രണ്ടാം പിണറായി സർക്കാരിൽ അഴിച്ചുപണി നടത്തുന്നത്. എൽഡിഎഫിന്റെ മുൻധാരണ പ്രകാരമാണ് അഴിച്ചുപണി. മന്ത്രിമാരായിരുന്ന ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചതിന് പിന്നാലെയാണ് കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത്.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുന്നത്. സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ അന്തിമ തീരുമാനവും ഇന്ന് അറിയാൻ സാധിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ചര്‍ച്ചയാകാൻ സാധ്യതയുണ്ട്.