സ്വന്തം നിലപാടുകൾ സമൂഹത്തിൽ തുറന്ന് പറയുന്ന താരമാണ് നിഖില വിമൽ. നിഖിലയുടെ പുതിയ വെബ്സീരിസായ ‘പേരില്ലൂർ പ്രീമിയർ ലീഗിന്റെ’ ഭാഗമായുള്ള അഭിമുഖങ്ങളിൽ വിവാഹത്തെപറ്റിയും സ്ത്രീധനത്തെ പറ്റിയും നിഖില പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. കല്യാണം കഴിപ്പിച്ച് വിടാൻ വേണ്ടി മറ്റുള്ളവർ കാണിക്കുന്ന ആവേശമൊന്നും നാളെ ഒരു പ്രശ്നം വരുമ്പോൾ ഉണ്ടാകില്ലെന്നാണ് നിഖില പറയുന്നത് .
‘ നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരുമുണ്ട്. ശരിക്കും നമ്മൾക്ക് അറിയില്ല സ്ത്രീധനം ഉണ്ടോ എന്ന്. ഓരോ വ്യക്തികളാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്ന്. സ്ത്രീധനം വാങ്ങണോ, കൊടുക്കണോ എന്നെല്ലാം ചിന്തിക്കേണ്ടത് അവരവരാണ്. നിങ്ങൾക്കൊരു പാർട്ണറെ വേണമെന്ന് തോന്നുമ്പോൾ മാത്രം കല്യാണം കഴിക്കുക. അച്ഛനോ അമ്മയോ അല്ല തീരുമാനമെടുക്കേണ്ടത് . സ്ത്രീധനം ഒരു ജില്ലയുടെയോ നാടിന്റെയോ പ്രശ്നമല്ല. ഓരോ വ്യക്തികളുടെ പ്രശ്നമാണ്.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇല്ലാത്തത് മെന്റൽ സ്ട്രെങ്ത്ത് ആണ്. എല്ലാവരും വീക്കാണ്. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാൻ പറയുന്ന കാര്യം അവർ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നു ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാൾ പറയുകയാണെങ്കിൽ നമുക്കൊരു മെന്റൽ സ്ട്രെങ്ത് വരും.
കല്യാണം കഴിപ്പിച്ച് വിടാൻ വേണ്ടി മറ്റുള്ളവർ കാണിക്കുന്ന ആവേശമൊന്നും നാളെ ഒരു പ്രശ്നം വരുമ്പോൾ ഉണ്ടാകില്ല. എന്റെ വീട്ടിൽ കല്യാണാലോചനയുമായി എത്തുന്നവരോട് പോലും ഞാൻ കടക്ക് പുറത്ത് എന്നാണ് പറയാറുള്ളത്. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളു. എന്റെ വീട്ടില്‍ വന്ന് സ്ത്രീധനം ചോദിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമെന്ന് പോലും എനിക്ക് തോന്നുന്നില്ല. ചേച്ചിയുടെ കാര്യവും അങ്ങനെയാണ്. എന്റെ വീട്ടിൽ അങ്ങനൊരു ടോപ്പിക്കേ ഇല്ല’ നിഖില പറഞ്ഞു.
സുഹൃത്തുക്കളിൽ പലരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പെണ്ണും പയ്യനും കോഫി ഷോപ്പിൽ പോയി നേരിട്ട് സംസാരിച്ച് അവർക്ക് ഓകെ ആണെന്ന് തോന്നി പിന്നീട് ഫാമിലി സംസാരിക്കുന്ന രീതിയാണ് ഇന്ന്. അതാണ് നല്ലത്’. നിഖില പറഞ്ഞു.