റായ്പൂർ; അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ. മുഖ്യമന്ത്രി വിഷ്ണു സായ് ആണ് പ്രഖ്യാപനം നടത്തിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 25 മുതൽ ജനുവരി 2 വരെ നമ്മൾ ‘സദ്ഭരണ’ ദിനം ആചരിക്കുന്നുണ്ട്. നമ്മുടെ സദ്ഭരണത്തിന്റെ മാതൃകയാണ് രാമ രാജ്യം. അതിലുപരി ഛത്തീസ്ഗഡ് രാമന്റെ ‘നാനിഹാൽ’ (രാമന്റെ മുത്തശ്ശിയുടെ സ്ഥലം) ആയതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണപ്രതിഷ്ഠ’ ജനുവരി 22 ന് നടക്കുന്നതും മറ്റൊരു ഭാഗ്യമാണ് “- സായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ റൈസ് മിൽ അസോസിയേഷൻ 300 മെട്രിക് ടൺ അരി ചടങ്ങിനായി അയോദ്ധ്യയിലേക്ക് അയച്ചിട്ടുണ്ട്. കർഷകർ പച്ചക്കറികളികളും നൽകുന്നുണ്ട്. ജനുവരി 22ന് ഛത്തീസ്ഗഡിൽ ഉത്സവാന്തരീക്ഷമാകും. സംസ്ഥാനത്തുടനീളം ദീപങ്ങൾ തെളിച്ചാകും ചടങ്ങ് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.