ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ നേതാവ് അർജുന്റെ പിതാവിന്റെ സഹോദരൻ പാൽരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് കുട്ടിയുടെ അച്ഛനും മുത്തശ്ശനും കുത്തേറ്റത്. പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന കുട്ടിയുടെ അച്ഛനും മുത്തശ്ശനും നേരെ പാൽരാജ് അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പാൽരാജ് കുട്ടിയുടെ അച്ഛനെ കത്തികൊണ്ട് കുത്തിയത്. ഇരുകാലുകൾക്കുമാണ് കുത്തേറ്റത്.നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു. തുടർന്ന് പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.















