തിരുവനന്തപുരം: വ്യജ നിയമ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അഭിഭാഷകനായ മുൻ കെഎസ് യു നേതാവിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കേരളാ ഹൈക്കോടതി അഭിഭാഷകനുമായ മനു ജി രാജിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഹാറിലെ മഗധ് സർവ്വകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റാണ് പ്രതി ബാർ കൗൺസിലിൽ ഹാജരാക്കിയത്.
നേരത്തെ കേരള സർവ്വകലാശാല സെനറ്റ് അംഗവും മുൻ കെഎസ് യു സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്നു മനു. 2013 ലാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകി അഭിഭാഷകനായത്. കഴിഞ്ഞ പത്ത് വർഷമായി മനു ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.
ബാർ കൗൺസിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് കൗൺസിൽ അംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കൊച്ചി കന്റോൺമെന്റ് പോലീസാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റും പ്രതി കൗൺസിലിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും.