സ്വന്തം പേരുകൾ എഴുതി ചന്ദ്രനിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി അമേരിക്കൻ ബഹിരാകാശ ഏജൻസി. നാസയുടെ ആദ്യത്തെ റോബോട്ടിക് ലൂണാർ റോവർ VIPER (Volatiles Investigating Polar Exploration Rover) എന്ന പേടകം വഴിയാകും ഈ അവസരമൊരുക്കുന്നത്. 2024-ന്റെ അവസാനത്തോടെ സ്പേസ് എക്സ് ഫാൽക്കണിന്റെ റോക്കറ്റിന്റെ ചിറകേറിയാകും ചാന്ദ്ര പേടകം കുതിക്കുക.
“സെൻഡ് യുവർ നെയിം വിത്ത് വൈപ്പർ” എന്ന പേരിലാണ് നാസ ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. മാർച്ച് 15 വരെ ആളുകൾക്ക് അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് നാസ ശാസ്ത്രജ്ഞർ പേരുകൾ എടുത്ത് റോവറിൽ ഘടിപ്പിക്കും.
ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുകയും പര്യവേക്ഷണം ചെയ്യുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സയൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ നിക്കോള ഫോക്സ് പറഞ്ഞു. ലോകത്തെയും ദൗത്യത്തിന്റെ ഭാഗമാക്കുകയാണ് ക്യാമ്പെയ്നിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കെടുത്തതിന്റെ സ്മരണയ്ക്കായി വെർച്വൽ ബോർഡിംഗ് പാസ് സൃഷ്ടിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള അവസരവും നാസ നൽകുന്നുണ്ട്.