കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലാകിരീടം കണ്ണൂരിന്. 952 പോയിന്റോടെയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടിയത്. 23 വർഷങ്ങൾക്ക് ശേഷമാണ് ജില്ലയുടെ കീരിടനേട്ടം. ഇത് നാലാം തവണയാണ് കണ്ണൂർ കലാകിരീടം ചൂടുന്നത്. 949 പോയിന്റുകളുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂർ വിജയകിരീടം ചൂടിയത്. ആദ്യ നാല് ദിവസങ്ങളിലെ കണ്ണൂരിന്റെ ആധിപത്യം മറികടന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട് മുന്നിലെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് കോഴിക്കോട് മുന്നേറിയെങ്കിലും അവസാന മത്സരയിനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെയാണ് കണ്ണൂർ കിരീടം നേടിയത്. 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റോടെ തൃശൂർ നാലാം സ്ഥാനത്തുമാണ്.