നടിയും നർത്തകിയുമായ ശോഭനയുടെ മകൾ അനന്ത നാരായണിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കിഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും താരം മകൾക്കൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവയ്‌ക്കാറില്ല. അടുത്തിടെ ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് മകൾക്കും ടാഗ് ചെയ്തിരുന്നു. ഇതോടെയാണ് അനന്ത നാരായണി ആരാധകർക്കിടയിൽ സംസാര വിഷയമാവുകയായിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പം വേദിയിൽ ചുവടുവെക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
View this post on Instagram
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ശോഭനയേയും നാരായണിയേയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകർ. ‘അമ്മയും മകളും ഒരുമിച്ച് ഒരേ വേദിയിൽ ചുവടുവയ്‌ക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകൾക്കൊപ്പം പൊതുവേദിയിലൊന്നും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. അഭിമുഖങ്ങളിലും മറ്റും മകളെ കുറിച്ച് ചോദിച്ചാലും ശോഭന വ്യക്തമായ മറുപടികളൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അമ്മയെ പോലെ മകൾക്കും നൃത്തത്തിൽ താൽപര്യമുണ്ടെന്ന് ശോഭന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയേയും മകളേയും ഒരുമിച്ചു കണ്ടതോടെ വളരെയധികം ആവേശത്തിലാണ് ആരാധകർ. നൃത്തത്തെ ജീവശ്വാസം പോലെയാണ് ശോഭന കാണുന്നത്. ഇടയ്‌ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാറുണ്ട്. ഒപ്പം തന്റെ പ്രിയപ്പെട്ട ആരാധകർക്കായി ലളിതമായ നൃത്തച്ചുവടുകളുടെ വീഡിയോകളും താരം പങ്കുവയ്‌ക്കാറുണ്ട്.















