ശ്രീരാമ ഭഗവാന്റെ വനവാസ കാലത്തെ അനുസ്മരിപ്പിക്കും വിധത്തിൽ ഓപ്പൺ എയർ മ്യൂസിയം ഉടനെന്ന് റിപ്പോർട്ട്. സരയൂ നദിയുടെ തീരത്താകും തീർത്ഥാടകരെ ആകർഷിക്കും വിധത്തിലുള്ള നിർമ്മാണം. ഓപ്പൺ എയർ മ്യൂസിയത്തിന് സമാനമായ രീതിയിലുള്ള മനുഷ്യ നിർമിത വനമാകും ഇത്.
രാമൻ, രാമായണം, അയോദ്ധ്യ എന്നിവയ്‌ക്കൊപ്പം ഹൈന്ദവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സരയൂ നദിയും. നദീതീരത്തെ പരിസ്ഥിതി സൗഹൃദ വനമായി രൂപകൽപ്പന ചെയ്യുകയാണ് ലക്ഷ്യമെന്ന് അയോദ്ധ്യ പുനർവികസന പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ദിക്ഷു കുക്രേജ പറഞ്ഞു. വനവാസ കാലഘട്ടത്തിലെ ശ്രീരാമന്റെ യാത്രയെ ചിത്രീകരിക്കുന്ന പ്രമേയത്തിലാകും നിർദ്ദിഷ്ട വനമെന്നും അദ്ദേഹം പറഞ്ഞു.
സരയൂ നദീ തീരത്താണ് അന്താരാഷ്‌ട്ര രാമകഥ മ്യൂസിയവും ഉയരുന്നത്. ഇതിനോട് ചേർന്നാകും ഓപ്പൺ എയർ മ്യൂസിയവും. രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും ഇവിടെ പ്രദർശിപ്പിക്കും. ഖനനത്തിലും നിർമാണ പ്രവർത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം പ്രത്യേകം സെല്ലുകൾ ഉണ്ടാകും.















