മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നാഗ്പൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ കുറഞ്ഞത് രണ്ട് വിമാനത്താവളങ്ങൾ വീതം സ്ഥാപിക്കാനുള്ള പദ്ധതികളും അദ്ദേഹം മുന്നോട്ടുവെച്ചു.
വിമാനത്താവളത്തിന്റെ ഉദ്ഘാടനം നവി മുംബൈയുടെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകും. നവി മുംബൈയുടെയും അതിന്റെ സമീപ പ്രദേശങ്ങളുടെയും പ്രത്യേകിച്ച് കൊങ്കൺ മേഖലയുടെ വളർച്ചയ്ക്ക് വിമാനത്താവളം വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.