ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഊബറിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നടന്നു. പ്രാണ പ്രതിഷ്ഠയ്‌ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 14-ന് റൈഡ്-ഹെയ്‌ലിംഗ് ആപ്പ് ഊബറാണ് സേവനം ആരംഭിച്ചത്.
വരാനിരിക്കുന്ന ചരിത്ര മുഹൂർത്തങ്ങളുടെ ഭാഗമാകുന്നതിന് നഗരത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായേക്കാം എന്ന് കണക്കിലെടുത്താണ് പ്രഖ്യാപനം. സഞ്ചാരികൾക്ക് സൗകര്യപ്രദമാകും വിധത്തിൽ എത്തിച്ചേരുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.സാമ്പത്തികമായി മെച്ചപ്പെട്ട തലത്തിലേക്ക് എത്തുക, പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സേവനം ലഭ്യമാകുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.
ഊബറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഏറ്റവും ചാർജ് കുറഞ്ഞ കാർ റൈഡ് സർവീസാണ് ഊബർഗോ. ഇതിന് പുറമെ ഊബർ ഇന്റർസിറ്റിയും പുരോഗതിയുടെ പാതയിലാണ്. ഈ സേവനങ്ങളിലൂടെ സംസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നിന്നും സഞ്ചാരികളെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പ്രവർത്തിക്കും.