ലക്നൗ : ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ അയോദ്ധ്യയിൽ ആരംഭിക്കും . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത് . അയോദ്ധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ ഞങ്ങൾക്ക് 25 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ശുദ്ധ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ നിർമ്മിക്കുക എന്നതാണ് – അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട വാർഷികാഘോഷങ്ങളും , മതപരമായ ചടങ്ങുകളും സംഘടിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2017 ന് മുമ്പ് അയോദ്ധ്യയിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഈ നഗരം വികസിപ്പിക്കാൻ ശ്രമിച്ചു. ഇതെല്ലാം പത്ത് വർഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നു. പക്ഷേ അയോദ്ധ്യയിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല, – അദ്ദേഹം വ്യക്തമാക്കി
പട്ടണത്തിന്റെ വിപുലീകരണത്തിൽ കുടിയിറക്കപ്പെട്ടവർക്കും കടകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കും മതിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും കടകൾക്ക് ബദൽ ഇടം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 50,000-ത്തിലധികം ഭക്തരെ പാർപ്പിക്കാനുള്ള ശേഷി അയോദ്ധ്യയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി, ഗോരഖ്പൂർ, ലക്നൗ, പ്രയാഗ്രാജ് എന്നിവയുമായി അയോദ്ധ്യയെ ബന്ധിപ്പിക്കാൻ ഹരിത ഇടനാഴി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.