രഞ്ജിട്രോഫിക്കിടെ സ്റ്റാർ പേസർ ഷർദൂൽ ഠാക്കൂർ പരിക്കേറ്റ് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. തിരുവനന്തപുരത്ത് ജനുവരി 19ന് തുടങ്ങാനിരിക്കേയാണിത്. താരത്തിന്റെ കണങ്കാലിനാണ് പരിക്കുള്ളത്. ദക്ഷിണാഫ്രിക്കൻ ടൂറിൽ താരം പരിക്കുമായാണ് കളിച്ചതെന്നാണ് സൂചന. ഠാക്കൂറിന് രഞ്ജി സീസൺ മുഴുവൻ നഷ്ടമായേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ ടീമിന് വലിയൊരു ആശങ്കയാണിത് സൃഷ്ടിച്ചിരിക്കുന്നത്.
സെഞ്ചൂറിയൻ ടെസ്റ്റിൽ ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബൗളിംഗിൽ ഠാക്കൂർ നിറം മങ്ങിയിരുന്നു. വിക്കറ്റ് ലഭിക്കാത്ത താരം കൂടുതൽ റൺസും വഴങ്ങിയിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിൽ താരത്തെ ബെഞ്ചിലിരുത്തി മുകേഷ് കുമാറിന് അവസരം നൽകി. എന്നാൽ അന്ന് പരിക്കിനെക്കുറിച്ചൊന്നും ചൂണ്ടിക്കാണിച്ചിരുന്നില്ല.
എന്നാൽ പരിക്കിന്റെ കാര്യം താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിലും താരത്തിന് ഇടംപിടിക്കാനായിരുന്നില്ല. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഠാക്കൂറിന്റെ പരിക്ക് ഐപിഎൽ ടീമിനും തിരിച്ചടിയാണ്.