ന്യൂഡൽഹി: ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ വനിതാ ഓഫീസർമാർ നയിക്കും. ആദ്യമായാണ് കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കാൻ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ലിംഗ സമത്വം മുൻനിർത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്.
നാഷണൽ കേഡറ്റ് കോർപ്സിന്റെ ഭാഗമായി കർത്തവ്യ പാതയിലും വനിതാ ഉദ്യോഗസ്ഥർ പരേഡ് നയിച്ചിരുന്നു. പരേഡ് നയിക്കാൻ വനിതാ ഓഫീസർമാർക്ക് അവസരം ലഭിക്കുന്നത് ചരിത്ര നിമിഷമാണെന്ന് അസിസ്റ്റന്റ് കമാൻഡന്റ് ചുനൗതി ശർമ്മ പറഞ്ഞു.
കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. സായുധ സേനയിലെ സ്ത്രീകളുടെ ശക്തിയും കഴിവും പ്രകടിപ്പിക്കാനുള്ള സുപ്രധാന അവസരമാണെന്നും ചുനൗതി ശർമ്മ പറഞ്ഞു.