ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് വ്യോമസേനയും പങ്കെടുക്കും. ഇതിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തെ കർത്തവ്യ പഥിന് മുകളിൽ നടന്ന ഫ്ളൈ-പാസ്റ്റ് റിഹേഴ്സലിന്റെ ഭാഗമായിരിക്കുകയാണ് ഫ്രഞ്ച് വ്യോമസേന. ഇന്ത്യൻ വ്യോമസേനയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി – നയതന്ത്ര ബന്ധം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിൽ ഫ്രഞ്ച് സൈന്യത്തിൽ നിന്നുള്ള സംഘവും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, തുടങ്ങി വിവിധ മേഖലകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും.
കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ- ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ സേനാംഗങ്ങൾ ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സായുധ സേനയുടെ 269 അംഗ സംഘമായിരുന്നു പരേഡ് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങളും പരേഡിൽ ഫ്ളൈ പാസ്റ്റിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ബാസ്റ്റിൽ ഡേ പരേഡിലെ വിശിഷ്ടാത്ഥിതി.