കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഷണ്ടിംഗിനിടെയായിരുന്നു സംഭവം. ട്രെയിനിന്റെ അവസാന രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. സംഭവം യാത്രക്കാർ കയറുന്നതിന് മുമ്പായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ 4.40-ഓടെയായിരുന്നു സംഭവം. അഞ്ച് മണിക്ക് പുറപ്പെടുന്നതിനായി ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പാളം തെറ്റിയത്. അവസാന രണ്ട് ബോഗികളാണ് പാളം തെറ്റിയത്. പിന്നാലെ മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കിൽ എത്തിച്ച് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
അതേസമയം പ്രധാന ലൈനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രാക്കിൽ കുടുങ്ങിയ രണ്ട് ബോഗികൾ മാറ്റി. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തി.