കൊൽക്കത്ത: കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രിയൻ. ഇൻഡി സഖ്യത്തിന് ആകെ രണ്ട് ശത്രുക്കൾ മാത്രമാണുള്ളതെന്നും അതിൽ ഒന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും മറ്റൊന്ന് ബിജെപിയാണെന്നും ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവും ബംഗാൾ പിസിസി അദ്ധ്യക്ഷനുമായ ചൗധരിക്കെതിരെ പരസ്യമായി തൃണമൂൽ രംഗത്തുവന്നിരിക്കുന്നത്.
ബംഗാളിൽ ഇന്ത്യ മുന്നണി സഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസമാണ് മമത വ്യക്തമാക്കിയത്. തങ്ങളെ എല്ലാകാലത്തും ദ്രോഹിച്ച സിപിഎമ്മിനൊപ്പവും സംസ്ഥാനത്ത് ഒരു സഖ്യത്തിനുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.
ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർ തൃണൂൽ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവമിർശനമാണ് അധീർ രഞ്ജൻ ചൗധരി നടത്തിയത്. സംസ്ഥാനത്ത് ജംഗിൾ രാജാണ് നടക്കുന്നതെന്നും ബംഗാളിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണമെന്നും അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു.















