സിനിമാ ചിത്രീകരണത്തിനായി വീടുകളും കൊട്ടാരങ്ങളുമടക്കം സെറ്റ് ഇടുന്നതിനെ പറ്റി നമ്മൾ കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലിടുന്ന സെറ്റുകളെല്ലാം ചിത്രീകരണത്തിന് ശേഷം അണിയറ പ്രവർത്തകർ പൊളിച്ചു മാറ്റുകയും ചെയ്യും. എന്നാൽ ഇതിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് അൻപോട് കൺമണി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
അൻപോട് കൺമണി എന്ന സിനിമയുടെ ചിത്രീകരണം നടന്നത് തലശ്ശേരിയിലായിരുന്നു. ചിത്രീകരണത്തിനായി ഇവർ തിരഞ്ഞെടുത്തത് വളരെ മോശം ആവസ്ഥയിലുള്ള ഒരു വീടാണ്. ചിത്രീകരണത്തിനായി കലാസംവിധായകർ ഈ വീട് പുതുക്കിപ്പണിഞ്ഞു. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ അണിയർപ്രവർത്തകർ വീട് പൊളിക്കാതെ വാസയോഗ്യമാക്കി കുടുംബത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
നടനും മുൻ എംപിയുമായ സുരേഷ് ഗോപിയായിരുന്നു കുടുംബത്തിന് വീടിന്റെ താക്കോസൽ കൈമാറിയത്. ‘ ഞങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി ഈ വീട് ആവശ്യപ്പെട്ടപ്പോൾ അവർ സന്തോഷ പൂർവ്വം വിട്ടുതന്നു. ചിത്രീകരണത്തിനായി പലമാറ്റങ്ങളും ആ വീട്ടിൽ വരുത്തി. എന്നാൽ ചിത്രീകരണം കഴിഞ്ഞ ശേഷം സെറ്റ് പൊളിച്ചുമാറ്റാൻ ഞങ്ങൾക്ക് തോന്നിയില്ല. പുതുക്കി പണിഞ്ഞ് വാസയോഗ്യമായ തരത്തിലുള്ള വീട് തന്നെ നൽകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അണിയറ പ്രവർത്തകരെന്നും ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞു.
നവാഗതനായ ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണി എന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്.















