ബെംഗളൂരു: സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കി വിദ്യാർത്ഥിനികൾ. കർണാടക ചിക്കബല്ലാപ്പൂരിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് ശുചിമുറികൾ വൃത്തിയാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വൃത്തിഹീനമായി കിടക്കുന്ന ശുചിമുറി ഒരു പെൺകുട്ടി നിലത്തിരുന്ന വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വീഡിയോ പകർത്തിയത്. വീഡിയോ പുറത്തായതിന് പിന്നാലെ സംഭവം വിവാദമാകുകയും സ്കൂളിനെതിരെയും സർക്കാരിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും ചെയ്തു. തുടർന്ന് പോലീസ് കേസെടുത്ത് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി.
ബെംഗളൂരുവിലെ അന്ദരഹല്ലി സർക്കാർ സ്കൂളിലും കോലാറിലെ യെലവല്ലി മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ശിവമോഗയിലെ സർക്കാർ സ്കൂളിലെ ശുചിമുറികൾ വൃത്തിയാക്കാൻ പെൺകുട്ടികളെ നിർബന്ധിപ്പിച്ചതിന് സ്കൂളിലെ പ്രധാന അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു.