പത്തനംതിട്ട: സ്കൂളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചരവയസുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സഭവം. റാന്നിയിലെ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സ്കൂളിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്ന സമയത്ത് വീണ ആരോണിന്റെ വലതുകൈമുട്ട് ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഏകദേശം പത്ത് മണിയോടെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞ് മരിച്ചത്.