തിരുവനന്തപുരം: തലസ്ഥാനത്തും കന്യാകുമാരി ഭാഗങ്ങളിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്. തൃപ്പരപ്പ് സ്വദേശി ജഗൻ, കാപ്പിക്കാട് സ്വദേശി മഹേന്ദ്ര കുമാർ, ഇയാളുടെ ഭാര്യ നിർമല എന്നിവരെ കോവളത്തിൽ നിന്നും പോലീസ് പിടികൂടി.
കന്യാകുമാരി പ്രദേശങ്ങളിൽ നിന്നും ബൈക്കുകളും പണവും മോഷ്ടിച്ച് മുഖ്യ പ്രതിയായ ജഗൻ കോവളത്തെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെ ദമ്പതിമാരായ കൂട്ടുപ്രതികളും പോലീസിന്റെ വലയിൽ അകപ്പെട്ടു. പ്രതികളുടെ പക്കൽ നിന്നും 5 ബൈക്കുകളും നിർമലയുടെ അക്കൗണ്ടുകളിൽ നിന്നും ലക്ഷങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.