ജയ്പൂർ: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വീണ്ടും ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി. ജനങ്ങളുടെ ഇടയിൽ ഇറങ്ങിയുള്ള പ്രവർത്തനങ്ങളാണ് ബിജെപി കാഴ്ചവയ്ക്കുന്നതെന്നും ഭാരതത്തിലെ ഓരോ പൗരന്മാർക്കും ബിജെപിയോടുള്ള വിശ്വാസം വർദ്ധിച്ചു വരികയാണെന്നും ദിയ കുമാരി പറഞ്ഞു.
” രാജസ്ഥാനിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളും തീർച്ചയായും പിടിച്ചടക്കും. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ലോക്സഭയിൽ ഇത്തവണ ബിജെപിക്ക് ലഭിക്കും. ഓരോ ഇന്ത്യൻ പൗരന്റെയും ഇടയിൽ ഇറങ്ങിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അവരുടെ വിശ്വാസങ്ങൾ ഞങ്ങൾ കാത്തുസൂക്ഷിക്കും.”- ദിയ കുമാരി പറഞ്ഞു.
ഏറ്റവും അടിത്തട്ടിൽ നിന്നാണ് ബിജെപി വളർന്നു വന്നത്. ഏതൊരു ബിജെപി പ്രവർത്തകനും സാധാരണക്കാരന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നും ദിയ കുമാരി അറിയിച്ചു. ഗ്രാമങ്ങളിൽ പോയി അവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്കൊപ്പം വസിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന ഗാവ് ചലോ ക്യാമ്പയിനിലും ദിയ പങ്കെടുത്തു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വെന്നിക്കൊടി പാറിക്കുന്നതിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെയും ആർഎസ്എസിന്റെയും യോഗം ഫെബ്രുവരി 19 ഡെറാഡൂണിൽ നടത്തും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫെബ്രുവരി 17, 18 തീയതികളിലും ബിജെപി ദേശീയ കൺവെൻഷൻ വിളിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ ഭാരത് മണ്ഡപത്തിലാണ് സുപ്രധാന യോഗം നടത്തുന്നത്.