കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടിമാർ വിവാഹിതരായാൽ ആരാധകർ കുറയുന്ന അവസ്ഥയായിരുന്നുവെന്ന് നടി പ്രിയാമണി. വിവാഹിതരായ നടിമാര്‍ കൂടുതലും സഹോദരി വേഷങ്ങളായിരുന്നു ലഭിച്ചുകൊണ്ടിരുന്നതെന്നും പ്രിയാമണി പറഞ്ഞു. പക്ഷെ, ഇപ്പോൾ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു പ്രിയാമണി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘നടിമാർക്ക് വിവാഹിതരായാൽ ആരാധകർ കുറയുന്ന രീതിയായിരുന്നു മുമ്പൊക്കെ. വിവാഹിതരായ നടിമാർക്ക് നായികയായി അഭിനയിക്കാനുള്ള യോഗ്യതയും കുറയും. മാത്രമല്ല, വിവാഹിതരായ നടിമാർ സഹോദരി വേഷത്തിൽ അഭിനയിച്ചാൽ മതിയെന്ന ധാരണയുമായിരുന്നു എല്ലാവർക്കും. എന്നാൽ, ഇപ്പോൾ അവസ്ഥ നല്ലതുപോലെ മാറി. വിവാഹിതരായവർക്കും അഭിനയിക്കാൻ അവസരമുണ്ട്.
എനിക്ക് ഇപ്പോഴും അഭിനയിക്കാൻ കഴിയുന്നതിന്റെ കാരണം എന്റെ ഭർത്താവ് കൂടിയാണ്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാൻ കൂടുതലും സംസാരിക്കുന്നതും അദ്ദേഹത്തോടാണ്. സിനിമയിൽ അഭിനയിക്കുന്നതിന് ഭർത്താവ് ഒരു നിയന്ത്രണവും വച്ചിട്ടില്ല.’- പ്രിയാമണി പറഞ്ഞു.















