മലയാള മിനിസ്‌ക്രീനിലും ഇപ്പോൾ സീരീസുകളുടെ കാലമാണ്. സിനിമകൾക്ക് നൽകുന്ന അതേ സ്വീകാര്യത തന്നെയാണ് ഇപ്പോൽ വെബ് സീരീസുകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പുതിയ വെബ്‌സീരീസാണ് പോച്ചർ. ഇത് മലയാളത്തിലെ നാലാമത്തെ വെബ് സീരീസാണ്. നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പോച്ചർ റിച്ചി മേത്തയാണ് സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ സീരീസ് ഫെബ്രുവരി 23 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയിലാണ് പോച്ചർ സ്ട്രീമിംഗ് ആരംഭിക്കുന്നത്. വെബ്‌സീരീസിന്റെ ഏറ്റവും പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന പോച്ചർ ഓസ്‌കർ ജേതാക്കളായ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്. ഇവരുടെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്.
View this post on Instagram
സംവിധായകൻ റിച്ചി മേത്ത തന്നെയാണ് പോച്ചറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായിരിക്കും പോച്ചർ സ്ട്രീമിംഗിനെത്തുന്നത്. എട്ട് എപ്പിസോഡുകളായിട്ടായിരിക്കും പോച്ചർ സ്ട്രീമിംഗ് ചെയ്യുന്നത്. പ്രശസ്ത ബോളിവുഡ് താരമായ ദിബ്യേന്ദു ഭട്ടാചാര്യയും പോച്ചറിൽ ശ്രദ്ധേയമായൊരു വേഷത്തിൽ എത്തുന്നുണ്ട്.
വളരെ വ്യത്യസ്തമായ വേഷത്തിലാണ് നിമിഷ സജയൻ എത്തുന്നത്. ആനക്കൊമ്പ് വേട്ട സംഘത്തെ പിടികൂടാൻ പോകുന്ന ഒരു വനം വകുപ്പ് ഉദ്യോഗസ്ഥയുടെ വേഷമാണ് നിമിഷ അവതരിപ്പിക്കുന്നത്. സീരീസിന്റെതായി പുറത്തുവരുന്ന ഓരോ അപ്‌ഡേഷനും അവേശം പകരുന്നവയാണ്. പുതിയ പോസ്റ്ററും അത്തരത്തിൽ പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തുന്നതാണ്.















