ആതിപത്യം പുലർത്തിയ വിജയങ്ങൾ.. കരുത്തേറിയ ഒറ്റയാൾ പ്രകടനങ്ങളും ടീം ഗെയിമും. കൗമാര ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ യാത്ര ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ആധികാരിക വിജയങ്ങൾ നേടിയ ഇന്ത്യൻ യുവനിരയുടെ നെടുംതൂണുകളായ ആ പഞ്ചപാണ്ഡവന്മാർ ആരൊക്കെയെന്ന് അറിയാം.
ഉദയ് സഹറാൻ

19 വയസ് പ്രായമുള്ള നായകൻ ഉദയ് സഹറാനാണ് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. 6 മത്സരങ്ങളിൽ നിന്ന് 63.83 ശരാശരിയിൽ 389 റൺസാണ് താരം നേടിയത്. ഇതിൽ മൂന്ന് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. പഞ്ചാബ് സ്വദേശിയായ താരം സൂപ്പർ ഏത് രീതിയിലും ബാറ്റ് വീശാൻ കഴിവുള്ള താരമാണ്.
മുഷീർ ഖാൻ

അണ്ടർ 19 ടീമിലെ വിശ്വസ്തനായ മദ്ധ്യനിര ബാറ്ററാണ് മുംബൈ സ്വദേശിയായ മൂഷീർ ഖാൻ. 6 മത്സരങ്ങളിൽ നിന്ന് 338 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് താരം. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
സച്ചിൻ ദാസ്

ഇന്ത്യയുടെ ബാറ്റിംഗ് നിര പ്രതിരോധത്തിലായപ്പോഴോക്കെയും ദൈവത്തെ പോലെ ഉയർത്തേഴുന്നേറ്റ വ്യക്തിയാണ് മുംബൈക്കാരനായ സച്ചിൻ ദാസ്. 73.50 ശരാശരിയിൽ 294 റൺസാണ് സച്ചിന്റെ സമ്പാദ്യം. മത്സരത്തിന്റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ്.
സൗമി പാണ്ഡെ

മദ്ധ്യപ്രദേശിൽ നിന്നുള്ള സൗമി പാണ്ഡെയുടെ കൈകളിൽ ഇന്ത്യയുടെ ബൗളിംഗ് നിര ഭദ്രമാണ്. 17 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് താരം.
അർഷിൻ കുൽക്കർണി

പഞ്ച പാണ്ഡവൻമാരിലെ അവസാനത്തെ ആളാണ് മഹാരാഷ്ട്രകാരനായ അർഷിൻ കുൽക്കർണി. കൂറ്റനടികൾക്ക് കെൽപുള്ള ബാറ്ററും അത്യാവശ്യ ഘട്ടത്തിൽ നാലോവർ വിശ്വസിച്ച് ഏൽപിക്കാവുന്ന പേസറുമാണ് താരം. 108 റൺസുമായി ടൂർണമെന്റിലെ വ്യക്തിഗത സ്കോർ വേട്ടക്കാരിൽ ഏഴാമതുള്ള കുൽക്കർണി ഔൾറൗണ്ടറാണ്.















