വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റമെന്നാണ് വിശദീകരണം. താരം മൂന്നാമത്തെ മത്സരം മുതൽ ടീമിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായേക്കില്ലെന്നാണ് വിവരം. ഇതിനിടെ താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം തന്റെ യുട്യൂബ് ചാനലിലൂടെ മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലേഴ്സ് വ്യക്തമാക്കിയിരുന്നു.
താരം രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് എബിഡി പറഞ്ഞത്. കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന കാര്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ തീരുമാനം വളരെ വലുതാണെന്നും ഡിവില്ലേഴ്സ് പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ യുടേൺ അടിച്ചിരിക്കുകയാണ് മുൻ ആർസിബി താരം. ദൈനിക് ഭാസ്കറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് താരം മലക്കംമറിഞ്ഞത്. ‘എന്തായാലും കുടുംബമാണ് ആദ്യം. എന്റെ യുട്യൂബ് ചാനലിൽ ഞാൻ പറഞ്ഞതാെരു വലിയ പിഴവാണ്. ഞാൻ പങ്കുവച്ച വിവരം സത്യമല്ല.
എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. എനിക്ക് അദ്ദേഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെയാകൂ. ഇടവേളയുടെ കാരണം എന്തായാലും അദ്ദേഹം പതിന്മടങ്ങ് ശക്തിയോടെ മടങ്ങിയെത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്”.- ഡിവില്ലേഴ്സ് അഭിമുഖത്തിൽ പറഞ്ഞു.