മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പന്ത്രണ്ടാം മലയാളോത്സവത്തിന്റെ സമാപനം ഫെബ്രുവരി 11, ഞായറാഴ്ച വൈകീട്ട് 4 മണി മുതൽ ബോയ്സറിൽ (താരാപ്പൂർ) വച്ച് നടത്തുന്നു. ബോയ്സറിലെ ടിമ ഹാളിൽ വച്ച് നടത്തുന്ന സമാപനത്തിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പത്ത് മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും.
2012 മുതൽ വർഷം തോറും മുംബൈ മലയാളികൾ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്ക്കൂൾ കോളേജ് കലോത്സവങ്ങൾക്ക് സദൃശമായാണ് മുംബൈയിൽ മലയാളോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബർ 17ന് നടന്ന കേന്ദ്ര മലയാളോത്സവത്തിൽ വിജയികളായവർക്കുള്ള പുരസ്കാര സമർപ്പണം സമാപന സമ്മേളനത്തിൽ നടത്തുന്നതാണ്.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ മുഖപത്രം”കേരളം വളരുന്നു” എന്നതിന്റെ വിശേഷാൽ പതിപ്പും മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ പ്രസിദ്ധീകരണമായ ”കൈരളി” വാർഷിക പതിപ്പും വേദിയിൽ വച്ച് പ്രകാശനം ചെയ്യും. തുടർന്ന്, കേന്ദ്ര തലത്തിൽ സമ്മാനാർഹമായ കലാപരിപാടികൾ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.