വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണെന്ന് വിലയിരുത്തിയതോടെയാണ് ദൗത്യ സംഘം മടങ്ങിയത്. ദൗത്യം നാളെ പുനരാരംഭിക്കും. വനം വകുപ്പ് മയക്കുവെടി വച്ചെങ്കിലും ആനയ്ക്ക് കൊണ്ടില്ല. കർണാടക അതിർത്തിയിലെ കൊടുങ്കാടിനുള്ളിലാണ് നിലവിൽ ആനയുള്ളത്. ബാവലി സെക്ഷനിലെ വനമേഖലയിൽ നിന്ന് ആനയുടെ സിഗ്നൽ ലഭിച്ചിരുന്നു. പിന്നാലെ സിഗ്നൽ നഷ്ടമാകുകയായിരുന്നു. ഇതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചത്.
കാട്ടാനയെ പിടികൂടാനുള്ള ശ്രമം പ്രതിസന്ധിലായതോടെ ദൗത്യസംഘത്തെ പ്രദേശവാസികൾ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയുമാണ് മണ്ണുണ്ടി കോളനി നിവാസികൾ തടഞ്ഞു വച്ചിരിക്കുന്നത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഡിഎഫ്ഒ സ്ഥലത്തെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.