ലക്നൗ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനുമായ വിഭാകർ ശാസ്ത്രി ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കകമാണ് വിഭാകർ ശാസ്ത്രിയുടെ ബിജെപി പ്രവേശനം.
ലാൽ ബഹദൂർ ശാസ്ത്രിയുടെ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അംഗത്വമെടുത്തതിന് ശേഷം വിഭാകർ ശാസ്ത്രി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ രാജി തുടരുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നിരുന്നു. ബാബ സിദ്ദിഖ്, മിലിന്ദ് ദേവ്റ എന്നീ നേതാക്കളും മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.