തളിപ്പറമ്പ് : പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ അനുഗ്രഹം തേടി എത്തി കേരളത്തിന്റെ പ്രിയഗായിക ചിത്ര . കഴിഞ്ഞ ദിവസം രാവിലെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടത്തിന് മുൻപിൽ ചിത്ര കീർത്തനം ആലപിച്ചത്. കണ്ണൂരിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ ചിത്ര പുലർച്ചെ പറശ്ശിനിക്കടവിൽ തിരുവപ്പന മുത്തപ്പൻ നടക്കുന്ന സമയത്താണ് ദർശനത്തിന് എത്തിയത്.
സ്വരങ്ങൾ കൊണ്ട് ആറാടുന്നയാളല്ലേ ഒരു കീർത്തനം മുത്തപ്പനെ കേൾപ്പിക്കൂ എന്ന് മുത്തപ്പൻ തന്നെ ആവശ്യപ്പെട്ടപ്പോൾ ഗണപതി കീർത്തനവും ആലപിച്ചു. മുത്തപ്പന്റെ മുന്നിൽ അനുഗ്രഹത്തിനായി എത്തിയപ്പോഴാണ് കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടത്. ഗണപതിയുടെ കീർത്തനമായിക്കോട്ടെയെന്ന് മുത്തപ്പന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു.കൂപ്പു കൈകളുമായി ഗണപതി സ്തുതി കീർത്തനം ആലപിച്ച ചിത്ര മുത്തപ്പന്റെയും ക്ഷേത്രം മടയന്റെയും കൈകളിൽനിന്നു പ്രസാദവും സ്വീകരിച്ചാണ് മടങ്ങിയത്
തളിപ്പറമ്പ് ബക്കളത്തെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിലും ചിത്ര പങ്കെടുത്തിരുന്നു. തൃച്ചംബരം ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഞായറാഴ്ച രാത്രി രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ചിത്തിര നക്ഷത്രത്തിൽ സ്വർണ്ണക്കുടം വെച്ച് തൊഴുത ശേഷം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് ചിത്ര മടങ്ങിയത്















