കൊച്ചി: ‘പെണ്ണെല്ലാം ഓക്കെയാണ്… പൊരുത്തങ്ങളും ഓക്കെയാണ്. ഒരു പൊരുത്തം ഒഴിച്ച്… അതേതു പൊരുത്തം?’ — ചിരിപ്പിക്കുന്ന ചോദ്യവും അതിനേക്കാൾ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമായി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിരിയും ചിന്തയും സാമൂഹിക വിമർശനവും ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
“ഹായ് ഫ്രണ്ട്സ്, നമസ്കാരം… ഞാൻ നിങ്ങളുടെ സ്വപ്നേഷ്…” എന്ന ആമുഖത്തോടെയാണ് ടീസറിലെ ശ്രദ്ധേയമായ രംഗം ആരംഭിക്കുന്നത്. പുത്തൻകുരിശ് സെൽഫ് ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിന് എതിർവശത്ത് പഞ്ഞിക്കൽ പാപ്പി പുതുതായി ആരംഭിക്കുന്ന ‘മാലാഖ ശവപ്പെട്ടി’ കടയ്‌ക്ക് ആശംസകൾ നേരുന്ന സ്വപ്നേഷിനെയാണ് ടീസറിൽ കാണുന്നത്.
“നിങ്ങൾക്ക് ഒരുപാട് പേർക്ക് ഉടനെ…” എന്ന് പറഞ്ഞ് സ്വപ്നേഷ് പൊട്ടിച്ചിരിക്കുന്നതോടെ രംഗം കൂടുതൽ രസകരമാകുന്നു. പിന്നാലെയാണ് വിവാഹത്തിലെ പൊരുത്തത്തെക്കുറിച്ചുള്ള സംഭാഷണം. “പെണ്ണൊക്കെ ഓക്കെയാണ്… പൊരുത്തങ്ങൾ എല്ലാം ഓക്കെയാണ്. ഒരു പൊരുത്തം ഒഴിച്ച്…” എന്ന വാക്കുകൾക്ക് “ഏതു പൊരുത്തം?” എന്ന ചോദ്യം ഉയരുമ്പോൾ അതിനുള്ള മറുപടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ശവപ്പെട്ടിക്കടയ്‌ക്ക് ആശംസകൾ നേരുന്ന സ്വപ്നേഷും പെണ്ണിന്റെ പൊരുത്തക്കേടിലെ വൈരുദ്ധ്യം കണ്ടെത്തുന്ന വനേയുമൊക്കെ ടീസറിൽ ശ്രദ്ധ നേടുന്നുണ്ട്. ചിരിപ്പിക്കുന്ന രംഗങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലേക്കുള്ള കുത്തുകളും ടീസറിലുണ്ട്.
പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്തിറക്കിയത്. പുറത്തിറങ്ങിയതിന് പിന്നാലെ ടീസർ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിരിയും ചിന്തയും സാമൂഹിക വിമർശനവും ഒരുമിച്ച് ചേർത്തുള്ള ഒരു കുടുംബചിത്രമായിരിക്കും ‘ഓട്ടം തുള്ളൽ’ എന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്.
തനി ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ബന്ധങ്ങളും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നാടൻ ഫാമിലി ഹ്യൂമർ ചിത്രമായാണ് സിനിമയെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തിറക്കിയത്.
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറാണ്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശിറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി. ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. അജി മസ്‌കറ്റാണ് പ്രൊഡക്ഷൻ സ്റ്റിൽസ് നിർവഹിക്കുന്നത്. റഫീഖ് ഖാനും മെൽബിൻ ഫെലിക്സും പ്രൊഡക്ഷൻ മാനേജർമാരാണ്. ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറാണ്.
ഗുഡ് വിൽ റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നർമ്മത്തിനൊപ്പം ഗ്രാമീണ ജീവിതവും സാമൂഹിക വിമർശനവും ചേർത്തൊരുക്കിയ ‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് പ്രേക്ഷകർക്ക് മുന്നിലെത്തും.















