തിരുവനന്തപുരം: വർക്കലയിൽ കടലിൽ തിരയിൽപ്പെട്ട വിദേശ വനിത മരിച്ചു. ഇടവ വെറ്റകട ബീച്ചിൽ ആയിരുന്നു സംഭവം. റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്നും പോലീസ് പറഞ്ഞു.
അവശ നിലയിൽ യുവതി നീന്തുന്നത് തീരത്ത് സർഫിംഗ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിംഗ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ അയിരൂർ പോലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്. ഇടവയിലെ ഒരു റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.