ടാർസൺന്റെയും മൗഗ്ലിയുടെയും കഥകൾ കേട്ടിട്ടുള്ളവരാണ് നമ്മളെല്ലാം. അവരുടെ ഐതിഹാസിക ജീവിതം പലപ്പോഴും നമ്മളെ അത്ഭുപ്പെടുത്താറുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലൊരാളുണ്ടെങ്കിലോ? അത്തരത്തിലൊരു വ്യക്തിയാണ് യുക്രെയ്നിൽ നിന്നുള്ള ഒക്സാന മലയ.
1983 നവംബർ 4നാണ് ഒക്സാന മലയയുടെ ജനനം. നോവ ബ്ലാഹോവിഷ്ചെങ്ക ഗ്രാമത്തിലാണ് മലയ ജനിച്ചത്. ജനനസമയത്ത് സാധാരണ കുട്ടിയായിരുന്ന മലയ മൂന്നാം വയസ് മുതൽ നായകളുടെയൊപ്പമാണ് ജീവിച്ചത്. കണ്ടെത്തുമ്പോൾ അവൾക്ക് ഏഴര വയസ്സായിരുന്നു. അവൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മലയയെ മാനസിക വൈകല്യമുള്ള കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പരിധിവരെ വൈകല്യത്തെ തടയാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും അവൾക്ക് വൈകല്യത്തിൽ നിന്നും പൂർണ്ണമുക്തി ലഭിച്ചിട്ടില്ല.
തന്റെ മാതാപിതാക്കൾക്ക് ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങൾക്ക് മതിയായ കിടക്കകൾ ഇല്ലായിരുന്നു. അതിനാൽ താൻ നായകളുടെ അടുത്ത് ജീവിക്കാൻ തുടങ്ങി. അവരോട് സംസാരിക്കും, അവർ കുരയ്ക്കും, താൻ തിരിച്ച് കുരയ്ക്കും. അതായിരുന്നു ഞങ്ങളുടെ ആശയവിനിമയ രീതിയെന്ന് മലയ പറഞ്ഞു.
അവളുടെ മദ്യപാനികളായ മാതാപിതാക്കൾ അവളെ മൂന്നാം വയസ്സിൽ കൊടുതണുപ്പിൽ വീട്ടിൽ നിന്നും പുറത്താക്കിയതോടെ ഒക്സാനയുടെ ജീവിതം ആകെ മാറി. പിന്നീട് അവളെ വളർത്തിയത് തെരുവ് നായ്ക്കളാണ്. ഇതോടെ അവളിൽ മൃഗങ്ങളുടെ സ്വഭാവം ശക്തമായ സ്വാധീനം ചെലുത്തി.
സ്വയം സംരക്ഷിക്കാനായി അവൾ ഒരു നായക്കൂട്ടിൽ ഒതുങ്ങി. മലയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നായകളുടെ ശ്രദ്ധതിരിച്ചതിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒരു മനുഷ്യകുട്ടി എന്നതിനെക്കാൾ ഒരു ചെറിയ നായയെപ്പോലെയായിരുന്നു അവൾ. വെള്ളം കാണുമ്പോൾ അവൾ നാവ് കാണിക്കുകയും കൈകൊണ്ട് അല്ലതെ നാവുകൊണ്ട് ഭക്ഷണം കഴിക്കുകയും ചെയതിരുന്നു. ലയ ഇപ്പോൾ പ്രത്യേക പരിചരണ സ്ഥാപനത്തിലാണ് താമസിക്കുന്നത്.