വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് നടപടി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 18 നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി മരിച്ചത്. റാഗിംഗാണ് മരണകാരണമെന്ന് സിദ്ധാർത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്