മലപ്പുറം: കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ശ്രമത്തിനിടയിൽ അപകടം. വേട്ടക്കാരനെ കുത്തി പന്നി കിണറ്റിലിട്ടു.. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമം നടത്തി. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വേട്ടക്കാരനെത്തി കിണറ്റിൽ കിടന്ന പന്നിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കാളികാവ് മാളിയേക്കലിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ വേണ്ടി നടത്തിയ വേട്ടയ്ക്കിടയിലാണ് സംഭവം നടന്നത്. വേട്ടക്കാരിൽ ഒരാളായ അയ്യപ്പൻ എന്ന വ്യക്തിയെയാണു കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്.
വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചുനിന്ന അയ്യപ്പനെ ഓടിയെത്തിയ കാട്ടുപന്നി കുത്തി കിണറ്റിലിടുകയായിരുന്നു. പിന്നാലെ പന്നിയും കിണറ്റിൽ വീണു. കിണറ്റിൽ വച്ചും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്. പന്നിയെ വെടിവച്ചു കൊന്ന ശേഷം അയ്യപ്പനെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു.