ചെന്നൈ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നടത്തുന്ന എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തമിഴകത്തെത്തുന്നത്. കോയമ്പത്തൂർ മടപ്പൂരിയിലെ വിശാലമായ മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്ത് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പൊതുയോഗമാണ് നടക്കാനിരിക്കുന്നതെന്ന് ബിജെപി വക്താക്കൾ പറഞ്ഞു. അഞ്ച് ലക്ഷത്തോളം പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് മൈതാനിയിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് കോയമ്പത്തൂരിലെ സൂലൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ നിരവധി ബിജെപി പ്രവർത്തകർ ചേർന്ന് സ്വാഗതം ചെയ്യും. അവിടെ നിന്നും ഹെലികോപ്റ്റർ മാർഗം മധുരയിലേക്ക് പോകും. തുടർന്ന് ടിവിഎസ് ലക്ഷ്മി സ്കൂളിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ മൊബിലിറ്റി ഇനിഷ്യേറ്റീവ് ഫോർ ഓട്ടോമോട്ടീവ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.