തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുമാണ് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ശംഖുമുഖം, കൊച്ചുവേളി, പൗണ്ട്കടവ് വരെയുള്ള റോഡിലും ആൾസെയിൻസ്, പേട്ട ,ആശാൻ സ്ക്വയർ, പാളയം, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.
നാളെ അന്താരാഷ്ട്ര വിമാനത്താവളം, ശംഖുമുഖം, ചാക്ക ഈഞ്ചക്കൽ റോഡിലാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. പ്രധാന റോഡുകളിലോ ഇടവഴികളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിർദ്ദേശങ്ങൾക്ക് വിപരീതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.