വാണങ്കാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ബാല തന്നെ മർദ്ദിച്ചു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് നടി മമിത ബൈജു. ആ സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ശാരീരികമായോ മാനസികമായോ ഉപദ്രവം അനുഭവിച്ചിട്ടില്ലെന്നും താരം പറയുന്നു. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് മമിത ഇക്കാര്യം അറിയിച്ചത.
സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകൻ തന്നെ ഒരുപാട് വഴക്കുപറയുകയും അടിക്കുകയും ചെയ്‌തെന്ന് മമിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.’ ബാല സാറുമായി എനിക്ക് വളരെ നല്ലൊരു ബന്ധമാണുള്ളത്. എന്റെ സിനിമാ കരിയറിൽ എന്നും നല്ലൊരു ഉപദേഷ്ടാവായിരിക്കും അദ്ദേഹം. നല്ല നടിയായി ഉയരാൻ ആവശ്യമായ ഉപദേശങ്ങൾ അദ്ദേഹം എനിക്ക് നൽകിയിട്ടുണ്ട്. മറ്റു സിനിമകളുടെ തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് പിൻമാറിയത്. അദ്ദേഹം എന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല’. മമിത കുറിച്ചു.
വില്ലടിച്ചാം പാട്ട് എന്ന പ്രാചീന കലാരൂപം ചെയ്തു കാണിക്കാൻ ബാല ആവശ്യപ്പെട്ടെന്നും തനിക്ക് അത് അറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരുപാട് ശകാരിച്ചു എന്നുമായിരുന്നു വൈറലായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തിൽ മമിത പറഞ്ഞത്. കൂടാതെ ചിത്രീകരണ വേളയിൽ തന്നെ അടിച്ചെന്നും മമിത പറഞ്ഞിരുന്നു. അരുൺ വിജയ് നായകനായ ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്നത് സൂര്യയെ ആയിരുന്നു. എന്നാൽ ബാലയുടെ മോശം പെരുമാറ്റത്തെ തുടർന്ന് സൂര്യ ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.















