മലയാളത്തിൽ ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് എമ്പുരാൻ. ആദ്യ ഭാഗമായ ലൂസിഫറിന് നൽകിയതിനേക്കാൾ ഏറെ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്നത്. വിദേശരാജ്യങ്ങളിലായി എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ടൊവിനോ ജോയിൻ ചെയ്തെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ടൊവിനോയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള കോടീശ്വരന്റെ കഥായാണ് എമ്പുരാനിൽ പറയാൻ പോകുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ കുറിച്ചുള്ള സൂചന മാത്രമായിരുന്നു അത്. അമേരിക്കയിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിനിമയുടെ മൂന്നാം ഷെഡ്യൂളാണ് അമേരിക്കയിൽ നടക്കുന്നത്. വിദേശരാജ്യങ്ങളിലെ ചിത്രീകരണം പൂർത്തിയായതിന് ശേഷമായിരിക്കും ഇന്ത്യയിലെ ബാക്കി ഷൂട്ടിംഗ് നടക്കുക.
ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷി ആയെന്ന കഥയാണ് പറയുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എമ്പുരാനിലാകും പറയുന്നത്.