കോട്ടയം: ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കുമാരനല്ലൂർ എംസി റോഡിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ഇടിച്ച് കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസമയത്ത് കടയിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ല. കടയുടെ മുൻഭാഗം പൂർണമായും തകർന്നു.