തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 23-കാരൻ മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. വർക്കല ഇലകമൺ സ്വദേശി വിനു (23) ആണ് ഇന്ന് രാവിലെ മരിച്ചത്. കേക്ക് കഴിച്ചതിന് പിന്നാലെ അവശനിലയിലായ വിനു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും 29-ന് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നു. കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ട വിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയിലാണ്.
29-ാം തീയതി വൈകിട്ട് വീടിനടുത്തുള്ള കടയിൽ നിന്നും വിനുവും അമ്മയും സഹോദരങ്ങളും കേക്ക് വാങ്ങി കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയറുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച 15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.