കാൺപൂർ ; കാൺപൂരിലെ ബൻഷിധർ പുകയില കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. കാൺപൂർ, ഡൽഹി, മുംബൈ, ഗുജറാത്ത് തുടങ്ങി കമ്പനിയുടെ 20 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കമ്പനിയുടെ വിറ്റുവരവ് 20 മുതൽ 25 കോടി രൂപ വരെയാണ് കണക്കുകളിൽ കാണിക്കുന്നത്, എന്നാൽ വാസ്തവത്തിൽ ഈ വിറ്റുവരവ് ഏകദേശം 100-150 കോടി രൂപയാണ്.
കമ്പനി ഉടമയുടെ ഡൽഹിയിലെ വസതിയിൽ നിന്ന് 60 കോടിയിലധികം വിലമതിക്കുന്ന കാറുകൾ കണ്ടെത്തി. 16 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ലംബോർഗിനി, ഫെരാരി, തുടങ്ങിയ ആഡംബര കാറുകളാണ് ബൻഷിധർ ടൊബാക്കോ കമ്പനി ഉടമയുടെ മകൻ ശിവം മിശ്രയുടെ വസതിയിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത്. ഒപ്പം 2.5 കോടി രൂപ വിലമതിക്കുന്ന വജ്രം പതിച്ച വാച്ചുകൾ ഉൾപ്പെടെ അഞ്ച് വാച്ചുകളും കണ്ടെത്തിയിട്ടുണ്ട്
ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നാലരക്കോടി രൂപ പിടിച്ചെടുത്തതായാണ് സൂചന. വളരെ പ്രധാനപ്പെട്ട ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങളായി പുകയില വ്യാപാരം നടത്തുന്ന മുന്ന മിശ്ര എന്ന കെകെ മിശ്രയ്ക്ക് നയാഗഞ്ചിൽ പഴയ ഓഫീസ് ഉണ്ടെന്നാണ് വിവരം. 6 വാഹനങ്ങളിലായി എത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്. നിലവിൽ കമ്പനിയുടെ റിയൽ എസ്റ്റേറ്റ്, ബിനാമി സ്വത്തുക്കൾ എന്നിവയും പരിശോധിക്കുന്നുണ്ട്.