തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് യാമി ഗൗതമിന്റെ ആർട്ടിക്കിൾ 370’. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ ബോക്സോഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 77. 7കോടിയാണ് ചിത്രം ഇതുവരെ നേടിയത്. യാമി ഗൗതമാണ് കളക്ഷൻ റിപ്പോർട്ട് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്നു.
കശ്മീരിലെ വിഘടനവാദവും തീവ്രവാദവും അവസാനിപ്പിക്കാൻ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാ സേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’.
അരുൺ ഗോവിലാണ് പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നത്. ‘ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് ‘ആർട്ടിക്കിൾ 370’യുടെ തിരക്കഥ ഒരുക്കിയത്.















